കയ്പമംഗലം: വഴിയന്പലത്ത് പെട്രോൽ പന്പ് ഉടമയെ കൊല ചെയ്ത കേസിൽ പ്രതികളെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നുരാവിലെ എട്ടുമണിയോടെയാണ് ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുപ്രതികളെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കയ്പമംഗലം പനന്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് പ്രതികൾ കാറിനു പിന്നിൽ ഇടിച്ച് മനോഹരനെ കാറിൽ കയറ്റികൊണ്ടുപോയ ഭാഗത്താണ് ആദ്യം കൊണ്ടുവന്നത്.
പിന്നീട് പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച മതിൽ മൂലയിൽ ആണ് പിന്നീട് കൊണ്ടുവന്നത്. മതിൽ മൂലയിൽ മാത്രമേ പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താൻ കഴിഞ്ഞുള്ളു. കയ്പമംഗലം പനന്പികുന്നിൽ ശക്തമായ ജനരോഷത്തെ ഭയന്ന് പ്രതികളെ പോലീസിന് ജീപ്പിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല.
തെളിവെടുപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തിയിരുന്നത്. ഇതേതുടർന്ന് പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മതിൽ മൂലയിലേക്ക് പ്രതികളെ കൊണ്ടുപോകുകയായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലെയും തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി തൃശൂരിലേക്ക് കൊണ്ടുപോയി.