തൃശൂർ: കൈപ്പമംഗലത്തെ പെട്രോൾ പന്പുടമയെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്നുച്ചയ്ക്ക് മുന്പ് രേഖപ്പെടുത്തും. കൈപ്പമംഗലം കാളമുറി കോഴിപ്പറന്പിൽ കെ.കെ.മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലത്തെ എച്ച്.പി.പെട്രോൾ പന്പുടമയാണ് കൊല്ലപ്പെട്ട മനോഹരൻ.
കൈപ്പമംഗലത്തു നിന്നും തിങ്കളാഴ്ച രാത്രി കാണാതായ മനോഹരനെ ഇന്നലെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിനു സമീപം കുന്നംകുളം – ഗുരുവായൂർ റോഡുവക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനോഹരന്റെ കാർ അങ്ങാടിപ്പുറത്തു കണ്ടെത്തി.
കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്പിലെ കളക്ഷൻ തുക തട്ടിയെടുക്കാനാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
കൊലയാളികൾ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ. വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.