പയ്യന്നൂര്‍: ദുരൂഹതകള്‍ നിറഞ്ഞ ചെറുപുഴ കാക്കേഞ്ചാലിലെ മറിയക്കുട്ടി വധത്തിനു നാളെ ഏഴു വര്‍ഷം. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണ പരമ്പരകള്‍ക്കു ശേഷം കേസന്വേഷണം കോടതിയുടെ ഉത്തരവുപ്രകാരം സിബിഐയുടെ കൈയിലെത്തിയിട്ട് ഒരുവര്‍ഷവും.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മറിയക്കുട്ടി വധത്തിനുപിന്നില്‍ മോഷണമായിരുന്നു ലക്ഷ്യമെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നു പവനോളം സ്വര്‍ണാഭരണങ്ങളാണു നഷ്ടപ്പെട്ടതെന്നും കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള വിശദമായ പരിശോധനയാണു നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. മറിയക്കുട്ടിയുടെ മകന് ദീപക്കിന്റെ ഭാര്യ മേഴ്സിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവനോളം മതിക്കുന്ന വിദേശ നിര്‍മിത മുക്കുപണ്ടങ്ങള്‍ കാണാതായ സംഭവവും പരിശോധനാ വിധേയമാക്കിയിരുന്നു.
എല്ലാവശങ്ങളും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമായി മറിയക്കുട്ടിവധത്തെ കാണാന്‍ കഴിയുന്നില്ല. കൊലപാതകം നടത്തിയതുകൊണ്ട് ആര്‍ക്കാണു നേട്ടമെന്ന പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണെന്നും താമസിയാതെ പ്രതികളിലെത്തുമെന്നും അന്വേഷണ ചുമതലയുള്ള സിബിഐ സിഐ മനോജ് വ്യക്തമാക്കി.
ഒരുവര്‍ഷത്തിനിടയിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലേക്കുതന്നെ നീങ്ങുന്നുവെന്നും കാണാമറയത്തുണ്ടായിരുന്ന പ്രതികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നുമുള്ള സൂചനകളാണ് അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നും ലഭിക്കുന്നത്.
2012 മാര്‍ച്ച് അഞ്ചിന് രാവിലെ പത്തോടെയാണു ചെറുപുഴ കാക്കേഞ്ചാല്‍ ജംഗ്ഷനില്‍ നിന്നും ഒന്നര കിലോമീറ്ററോളം അകലെയുള്ള പടത്തടത്തെ കുട്ടമാക്കൂല് ദേവസ്യ എന്ന കൊച്ചേട്ടന്റെ ഭാര്യ മറിയക്കുട്ടി (70) വീടിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്.
പതിവുപോലെ രാവിലെ ടാപ്പിംഗിനായി വരുന്ന മറിയക്കുട്ടിയുടെ മൂത്ത മകന് കാക്കേഞ്ചാലില്‍ താമസിക്കുന്ന ജോഷിയാണു മാതാവ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശക്തമായ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളാണ് അടുക്കളയിലുണ്ടായിരുത്. കിടപ്പുമുറിയിലെ അലമാരയിലിരുന്ന തുണികള്‍ നിലത്തു വാരിവലിച്ചിട്ടിരിക്കുന്നതില് സംശയം തോന്നിയ ഇയാള്‍ തുണികള്‍ നീക്കം ചെയ്തപ്പോഴാണു രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ടത്.
മറിയക്കുട്ടിയുടെ മൃതദേഹം കട്ടിലിനു സമീപത്തു നിലത്താണു കിടന്നിരുത്. തലയുടെ ഭാഗത്തു നിലത്തു രക്തം തളംകെട്ടിക്കിടന്നിരുന്നു. തലയ്ക്കു സമീപം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്സികളടങ്ങുന്ന കടലാസ് പൊതി അഴിഞ്ഞുകിടന്നിരുന്നു. വലതുകൈയില്‍ കട്ടിയുള്ള തുണിക്കഷ്ണവും കാണപ്പെട്ടു. ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണങ്ങളൊന്നും കാണാനില്ലായിരുന്നു.
പതിനേഴോളം വലുതും ചെറുതുമായ മുറിവുകളാണു മറിയക്കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തുമായി ഉണ്ടായിരുന്നത്. തലയ്ക്കു പിന്നില്‍ മൂന്നിഞ്ചോളം വ്യാസമുള്ള ചന്ദ്രക്കല രൂപത്തിലുള്ള മുറിവുണ്ടായിരുന്നു. മൂര്‍ച്ച കുറഞ്ഞതും ഭാരമുള്ളതുമായ വസ്തുവാണു കൊലക്കുപയോഗിച്ചതെന്നും കൊലപാതകത്തിനു പിന്നില്‍ ഈ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്നുമായിരുന്നു പോലീസിന്റെ നിഗമനം.
തലയിലേറ്റ ശക്തമായ പ്രഹരമാണു പ്രധാനമായും മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മറിയക്കുട്ടിയുടെ പൂട്ടിവച്ചിരുന്ന പെട്ടിയുടെ മേല്‍പ്പലക ഇളക്കിമാറ്റി പെട്ടിയിലെ സാധനങ്ങള്‍ പരിശോധിച്ച നിലയിലും രക്തം പുരണ്ട ബെഡ്ഷീറ്റ് മടക്കിവച്ച നിലയിലുമായിരുന്നു.
അടുക്കളവശത്തു പുറത്തായി വെള്ളക്കുപ്പിയും ഗ്ലാസുമുണ്ടായിരുന്നു. കുപ്പിയില്നിന്നും കുറച്ചെടുത്ത നിലയില്‍ അവശേഷിക്കുന്ന മദ്യം മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. വീടിന്റെ തെക്കേ മുറിയില്‍ സൂക്ഷിച്ചിരുന്ന മകന് ദീപക്കിന്റെ ഭാര്യ മേഴ്സിയുടെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 പവനോളം മതിപ്പ് തോന്നിക്കുന്ന വിദേശത്തു നിന്നും കൊണ്ടുവന്ന മുക്കുപണ്ടങ്ങള്‍ കാനില്ലായിരുന്നു.
എട്ടേക്കറോളം വരുന്ന പറമ്പിലെ ആദായങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ കിട്ടുന്ന പണത്തില്‍ മൂന്നുമുതല്‍ അഞ്ചുലക്ഷം രൂപ വരെ പണമായിട്ടും 15 പവനോളം സ്വര്‍ണവും മറിയക്കുട്ടിയുടെ കൈയില്‍ കാണുമെന്നാണു മക്കള്‍ പോലീസിനോടു പറഞ്ഞത്.
മറിയക്കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നും അക്രമിയുടേതെന്നു കരുതുന്ന തൊലിയും സംഭവസ്ഥലത്തു നിന്നു ലഭിച്ച മുടിയും അടുക്കളയില്‍ നിന്നു കിട്ടിയ സിഗരറ്റ് കുറ്റിയും ഫോറന്‍സിക് പരിശോധന നടത്തിയിട്ടും നിരാശയായിരുന്നു ഫലം. കുറ്റവാളികളെ കണ്ടെത്താന്‍ ലോക്കല്‍ പോലീസിനു കഴിയാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു.
അടിക്കടിയുള്ള സ്ഥലം മാറ്റങ്ങളിലുടെ അന്വേഷണങ്ങള്‍ക്കായി നിയോഗിച്ച 14 ഡിവൈഎസ്പിമാരെ മാറ്റിയതു ജനങ്ങളില്‍ സംശയങ്ങള്‍ക്കിടയാക്കി. ഇതിനിടയില്‍ 183 പേരെ കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. 86 പേരുടെ വിരലടയാളങ്ങള്‍ തിരുവനന്തപുരം എഫ്എസ്എല് ലാബില്‍ പരിശോധനക്കയച്ചു. എന്നാല്‍ ഈ വിരലടയാളങ്ങളിലൊന്നും സംഭവ സ്ഥലത്തു നിന്നു ശേഖരിച്ച വിരലടയാളവുമായി യാതൊരു സാമ്യവുമില്ലായിരുന്നു.
അന്വേഷണം വഴിമുട്ടി നില്‍ക്കേ മറിയക്കുട്ടിയുടെ മക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് 2018 ഫെബ്രുവരി 21ന് ഹൈക്കോടതി ഉത്തരവായത്. കേസന്വേഷണത്തിനു സാധ്യമായ എല്ലാ പിന്തുണയും നല്‍കണമെന്നും സിബിഐ ഓഫീസര്‍മാര്‍ക്കു മികച്ചതാമസ സൗകര്യവുമുള്‍പ്പെടെ അന്വേഷണസംഘം ആവശ്യപ്പെടുന്ന എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നല്‍കണമെന്നുമുള്ള ഉത്തരവോടെയാണു കേസന്വേഷണ ചുമതല സിബിഐയെ കോടതി ഏല്‍പ്പിച്ചത്.