കോഴിക്കോട്: കെഎംസിടി മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തന്റെ മരണത്തിൽ മാതാപിതാക്കൾക്കോ സഹപാഠികൾക്കോ യാതൊരു പങ്കുമില്ലെന്നാണ് പോലീസ് കണ്ടെടുത്ത ഡയറിയിൽനിന്നും വ്യക്തമാകുന്നത്. മാത്രമല്ല, കോളജിനെ കുറിച്ചും നല്ല വാക്കുകളാണ് ഡയറിയിലുളളത്. എന്നാൽ സഹപാഠികളുമായി പ്രശ്നമുണ്ടായിരുന്നു എന്ന് സംശയിക്കത്തക്ക ഒരു കുറിപ്പ് വിദ്യാർഥിനിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഉണ്ട്.
താൻ മുന്‍പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെഎംസിടി കണ്‍ഫെഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന മോശം കമൻറിനെ കുറിച്ചുള്ളതാണ് നവംബർ 13-ന് ഉൗഷ്മൾ എഴുതിയ അവസാനത്തെ പോസ്റ്റ്. ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.
കുറിപ്പിൽ പരാമർശിക്കുന്ന വിദ്യാർഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്. ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ച് ദുരൂഹത നീക്കാനാണ് പോലീസ് ശ്രമം. അവസാന വർഷ എംബിബിഎസ് വിദ്യാർഥിനി തൃശൂർ ഇടത്തിരുത്തി സ്വദേശി ഉൗഷ്മൾ ഉല്ലാസ് (22) ആണ് കോളജ് കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തത്.
വീഴ്ചയിൽ ഇരുകാലിനും, നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഉൗഷ്മൾ കെഎംസിടി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം.