കാക്കനാട്: ഉക്രെയിനില്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാളെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. കാക്കനാട് തെങ്ങോട് ചെരക്കായത്ത് പൗലോസ്-ലിസി ദമ്പതികളുടെ മകന് ലിന്സന് (23) ആണ് ഞായറാഴ്ച രാത്രി ഉക്രെയിന് സമയം 8.30 ഓടെ മരണപ്പെട്ടത്. നീന്തല്‍ നല്ലവശമില്ലാത്ത ലിന്സണ് വെള്ളത്തിലേക്കു ചാടിയപ്പോള്‍ സ്വിമ്മിംഗ് പൂളിന്റെ അടിയില്‍ തലയിടിച്ചുണ്ടായ ആഘാതമാണു മരണത്തിനിടയാക്കിയത്.
മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടം നടത്തി ഉക്രെയിനിലെ പു ഷെന്സ്ക റീജണല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മരണവാര്‍ത്തയറിഞ്ഞു ബോധരഹിതയായ തെങ്ങോട് ഹൈസ്കൂള്‍ അധ്യാപിക കൂടിയായ ലിന്‍സണിന്റെ മാതാവ് ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്. ലിന്‍സണിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടു പൗലോസ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഉക്രെയിനില്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണു ലിന്സണ്. മൂത്ത സഹോദരി ലിയ ഇതേ കോളജില്‍തന്നെ ആറു വര്‍ഷത്തെ പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഒരുവര്‍ഷം കൂടി കഴിഞ്ഞു കോഴ്സ് പൂര്‍ത്തിയാക്കിയശേഷമേ വീട്ടിലേക്കു വരുന്നുള്ളൂവെന്നു ലിന്സണ് പറഞ്ഞിരുന്നെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്ത ജൂണ്‍ 16നു സഹോദരിക്കൊപ്പം നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലായിരുന്നു.
മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാതെയാണ് ലിന്‍സണിന്റെ വേര്‍പാട്. ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്നതായിരുന്നു ലിന്‍സണിന്റെ താത്പര്യം. എന്നാല്‍ തങ്ങളുടെ രണ്ടു മക്കളേയും ഡോക്ടര്‍മാരാക്കി രോഗംമൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കണമെന്നതായിരുന്നു പൗലോസ്-ലിസി ദമ്പതികളുടെ ആഗ്രഹം.
ലിന്സണ് ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതില്‍ വീട്ടില്‍ ആര്‍ക്കും ഇഷ്ടമല്ലാതിരുന്നതിനാല്‍ പ്രത്യേക കൗണ്‍സിലിംഗ് നടത്തിയാണു ലിന്‍സണിനെ ഇതില്‍നിന്നു പിന്തിരിപ്പിച്ചതെന്നു പിതാവ് പൗലോസ് പറഞ്ഞു. പിന്നീട് രാജസ്ഥാനില്‍ മള്‍ട്ടിമീഡിയ എന്‍ജിനിയറിംഗ് പഠിക്കാന്‍ ചേര്‍ത്തു. കോളജ് അധികൃതരുമായുണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം മനപ്പൂര്‍വം തോല്‍പ്പിച്ചതോടെ മൂന്നാമത്തെ സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ പഠനം മതിയാക്കി.
സഹോദരി ലിയയുടെകൂടി നിര്‍ബന്ധത്തിനു വഴങ്ങിയാണു പിന്നീട് ഉക്രെയിനില്‍ മെഡിസിനു ചേര്‍ന്നത്. ലിയ പഠിക്കുന്ന ഉക്രെയിനിലെ അതേ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്തന്നെയാണു ലിന്‍സണും ചേര്‍ന്നത്. നീന്തല്‍ പഠിക്കാന്‍ നേരത്തെ മുതല്‍ ലിന്‍സണിനു താത്പര്യം ഉണ്ടായിരുന്നു. ഇത്തവണ നാട്ടില്‍ വരുമ്പോള്‍ കുളത്തില്‍ നീന്തല്‍ പഠിപ്പിക്കാമെന്നു പിതാവ് പറയുകയും ചെയ്തിരുന്നു.
എന്നാല്‍, കോളജിലെ സ്വിമ്മിംഗ് പൂളില്‍ പഠിച്ചുകൊള്ളാമെന്നു ലിന്സണ് അറിയിക്കുകയായിരുന്നു. സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ മരണവും സംഭവിച്ചു. ഉക്രെയിന് ഉള്‍പ്പെടെ അഞ്ചുഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ അറിയാവുന്നതിനാല്‍ കോളജിലെ എല്ലാ കാര്യങ്ങളിലും ലിന്സണ് ഇടപെടുമായിരുന്നു. കോളജില്‍ കുട്ടികളുടെ ഡീനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിതാവ് പൗലോസ് ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്.