കൊല്ലം: മകളുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകി.
കൊല്ലം മുണ്ടയ്ക്കൽ വയലിൽ പുത്തൻവീട്ടിൽ അനിതയുടെ മകൾ മീനു മുരളിയെ(27) 2017 ജൂലൈ 19ന് വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന് അനിതയുടെ പരാതിയിൽ പറയുന്നു.
പോസ്റ്റ്ഗ്രാഡുവേറ്റ് ബിരുദധാരിയായ മീനു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ മൈക്രോബയോളജിസ്റ്റായി ജോലിനോക്കുകയായിരുന്നു. 2016 ജൂൺ എട്ടിന് തിരുമുല്ലവാരം പനവിള പടിഞ്ഞാറ്റതിൽ നിഖിലുമായുള്ള വിവാഹം നടന്നു.
വിവാഹശേഷം മീനു രണ്ടരമാസത്തോളം ജോലിയിൽ തുടർന്നു. പിന്നീട് ഭർതൃവീട്ടുകാർ നിർബന്ധിപ്പിച്ച് ജോലി രാജിവയ്പിച്ചുവത്രെ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും അയാളുടെ ബന്ധുക്കളും ചേർന്ന് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അനിത പറയുന്നു.
ഇതേത്തുടർന്ന് കൊല്ലം കുടുംബ കോടതിയിൽ കേസ് ഫയൽചെയ്തു. കൗൺസിലിംഗ് ദിവസം കോടതിയിൽ വച്ചും നിഖിലിന്റെ ബന്ധുക്കൾ മീനുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് അനിത പറഞ്ഞു. ഇവരുടെ സ്വാധീനം കാരണമാണ് പോലീസ് അന്വേഷണം കാര്യമായി നടക്കാത്തത്. പ്രതികളെ സഹായിക്കുന്ന രീതിയിൽ പോലീസിന്റെ അന്വേഷണം അവസാനിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും മാതാവ് പറയുന്നു.
തനിക്ക് നീതി കിട്ടുന്നതിന് ലോക്കൽ പോലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചോ മറ്റ് ഏജൻസികളോ കേസ് അന്വേഷിക്കണമെന്നാണ് അനിതയുടെ ആവശ്യം.