കോഴിക്കോട് : നഗരത്തിലെ പ്രസിദ്ധമായ മില്ക്ക്സര്ബത്ത് കടയുടമ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. സിഎച്ച് ഓവര്‍ബ്രിഡ്ജിന് താഴെ കണ്ണൂര്‍ റോഡില്‍ പാരഗണ്‍ ഹോട്ടലിനു മുന്നിലുള്ള “ഭാസ്കരേട്ടന്റെ കട’ എന്നറിയപ്പെടുന്ന മില്ക്ക്സര്ബത്ത് സ്ഥാപനത്തിലെ മുരളീധരന്റെ ഫോട്ടോ സഹിതമാണ് “കോഴിക്കോടിന്റെ പ്രഗത്ഭനായ മില്ക്ക്സര്ബത്ത് കടയുടെ ഉടമ ഭാസ്കരേട്ടന് ഇന്ന് രാവിലെ അന്തരിച്ചു’ എന്ന് വാട്സ് ആപ്പ് വഴി പ്രചരിച്ചത്.
സംഭവത്തെ തുടര്‍ന്നു കടയുടമ കൂടിയായ കോഴിപ്പറമ്പത്ത് മുരളീധന് നടക്കാവ് പോലീസില്‍ പരാതി നല്കി . ഫേസ്ബുക്കില്‍ സര്‍ബത്ത് തയാറാക്കി നല്‍കുന്നതിന്റെ ഫോട്ടോ മുരളീധരന് പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടേയാണ് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചതെന്ന് മുരളീധരന് “ദീപിക’യോടു പറഞ്ഞു.
വാട്സ് ആപ്പില്‍ പ്രചരിക്കുന്ന ഭാസ്കരന് എന്ന മുരളീധരന്റെ അച്ഛന് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടക്കാവ് എസ്.ഐ:എസ്.സജീവ് പറഞ്ഞു.