പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തലയ്ക്ക് കോടാലികൊണ്ട് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.
കാര്യമ്പാതി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന് അമല്‍ദാസാണ് (22) മരിച്ചത്. ഇന്നു രാവിലെ ഏഴേമുക്കാലോടെ പ്രദേശവാസികളാണ് കിടപ്പമുറിയില്‍ രക്തത്തില്‍ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്.
കോടാലിക്കു തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പിതാവ് ശിവദാസനെ പോലീസ് അന്വേഷിച്ചുവരികയാണ്. കോടാലി വീട്ടുമുറ്റത്ത് കണ്ടെത്തി. പിതാവും മകനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
അമല്‍ദാസിന്റെ അമ്മയും സഹോദരിയും വേറെയാണ് താമസം. ഇന്നു രാവിലെ അമല്‍ദാസിനെ ഫോണില്‍ വിളിച്ച സഹോദരി അപശബ്ദങ്ങള്‍ കേട്ടു.
കുറച്ചുകഴിഞ്ഞു വിളിച്ചപ്പോള്‍ അമല്‍ദാസ് ഫോണ്‍ എടുത്തില്ല. പന്തികേടുതോന്നിയ സഹോദരി ഫോണ്‍ ചെയ്ത് നിര്‍ദേശിച്ചതനുസരിച്ച് സമീപവാസികളില്‍ ചിലര്‍ ചെന്നുനോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്.
വാര്‍ഡ് അംഗം സിന്ധുവും ഭര്‍ത്താവ് സാബുവുമാണ് വീട്ടില്‍ ആദ്യം എത്തിയത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലാണ് കതവാക്കുന്ന്. അമല്‍ദാസിന്റെ വീട്ടില്‍ കുറച്ചുകാലമായി കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി വാര്‍ഡ് മെംബര്‍ പറഞ്ഞു.