സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: വിഷം അകത്തു ചെന്ന് മരിച്ചയാളുടെ മൃതദേഹം നാലു ദിവസമായി മെഡിക്കൽ കോളജ് മോർച്ചറിയിൽ. അസ്വഭാവിക മരണം സംഭവിച്ചതിനാൽ ഇയാളുടെ സ്രവം കോവിഡ് പരിശോധനക്കായി എടുത്ത ശേഷമേ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പാടുള്ളു.
എന്നാൽ സ്രവ പരിശോധനയ്ക്ക് കിറ്റില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് അധികൃതർ നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇൻക്വസ്റ്റ് നടത്തേണ്ട പോലീസ് ഇതുവരെ അതിനെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.
പീച്ചി സ്വദേശിയായ മോഹനൻ(65) ആണ് ഇക്കഴിഞ്ഞ ഒന്പതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പത്താം തിയതി പുലർച്ചെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണം സംഭവിച്ച ഇയാളുടെ സ്രവം പരിശോധനക്കെടുക്കേണ്ട ഡോക്ടർമാർ അത് യഥാസമയം ചെയ്തിട്ടില്ല.
കാഷ്വാൽറ്റിയിൽ വെച്ചാണ് മരണം സംഭവിച്ചതെങ്കിൽ കാഷ്വാൽറ്റിയിലെ ഡോക്ടർമാരും വാർഡിൽ വെച്ചാണെങ്കിൽ വാർഡിലെ ഡോക്ടർമാരുമാണ് സ്രവം പരിശോധനക്കെടുക്കേണ്ടത്.
എന്നാൽ ആരും ഇത് ചെയ്തില്ല. ഇൻക്വസ്റ്റ് നടത്തേണ്ട പീച്ചിപോലീസും മെഡിക്കൽ കോളജിൽ എത്തിയിട്ടില്ല. മെഡിക്കൽ കോളജ് പോലീസ് പീച്ചി പോലീസിന് ഇന്റിമേഷൻ നൽകിയിട്ടുണ്ട്.
മൃതദേഹം വിട്ടുകിട്ടാത്ത നടപടി ശ്രദ്ധയിൽ പെട്ട പ്രിൻസിപ്പാൾ തുടർനടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.