മുണ്ടക്കയം: സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ അമ്മ കോടാലിക്കടിച്ചു കൊലപ്പെടുത്തി. കുഴിമാവ്, 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന് അനുദേവന്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുദേവന്റെ അമ്മ സാവിത്രി (68)യെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.
അടിയേറ്റു ഗുരുതരമായി പരിക്കേറ്റ അനുദേവന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം 20നാണ് അനുദേവിനെ കൈയാലയില്നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ അനുദേവ് മരണപ്പെടുകയായിരുന്നു. എന്നാല്‍, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത് സാവിത്രിയെ പോലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന മകൻ അമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിൽ സഹിക്കവയ്യാതെയാണ് കൊലചെയ്തതെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. ഇയാളുടെ ശല്യം മൂലം ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു. സാവിത്രിയെ ഇന്നു തെളിവെടുപ്പിനായി വീട്ടിലെത്തിക്കും.