ഇസ്ലാമാബാദ്: അണ്ടർ 19 ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ജീവനൊടുക്കി. ആമീർ ഹനീഫിന്റെ മകൻ മുഹമ്മദ് സരിയാബ് ആണ് മരിച്ചത്. 1990 ൽ അഞ്ച് ഏകദിനങ്ങളിൽ പാക്കിസ്ഥാനായി കളിച്ചിട്ടുള്ള താരമാണ് ഹനീഫ്.
ഒന്നാം വർഷ കോളജ് വിദ്യാർഥിയായ സരിയാബിനെ പ്രായക്കൂടുതലിനെ തുടർന്നാണ് ടീമിൽനിന്നും ഒഴിവാക്കിയത്. ഇതിൽ മനംനൊന്താണ് സരിയാബ് ജീവനൊടുക്കിയത്. ജനുവരിയിൽ കറാച്ചിയെ പ്രതിനിധീകരിച്ച് സരിയാബ് അണ്ടർ 19 ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് ടീമിൽനിന്നും പുറത്തായി. എന്നാൽ വീണ്ടും ടീമിലെത്താനാവുമെന്ന് സരിയാബ് പ്രതീക്ഷിച്ചിരുന്നു.