ഹരിപ്പാട് : ഒന്നിച്ച് താമസിക്കുകയായിരുന്ന യുവതിയുടെ തലയടിച്ചുപൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ പള്ളിപ്പാട് സ്വദേശി ധനേഷ് (36)ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31-നു രാത്രി നങ്ങ്യാർകുളങ്ങരയിലെ ലോഡ്ജിലാണ് സംഭവം. ഇരുവരും അവിടെ മുറിയെടുത്തു താമസിക്കുകയായിരുന്നു. രാത്രി വൈകി കഞ്ചാവുലഹരിയിലെത്തിയ പ്രതി മുറിതുറക്കാൻ വൈകിയതിന്റെ പേരിൽ അക്രമാസക്തനാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊല്ലം സ്വദേശിനിയാണ് യുവതി. ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ഇവർ സോഷ്യൽമീഡിയയിലൂടെയാണ് ധനേഷുമായി പരിചയപ്പെടുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ ഒന്നിച്ചു താമസം തുടങ്ങിയത്. പോലീസ് പിടികൂടുമ്പോഴും പ്രതി കഞ്ചാവുലഹരിയിലായിരുന്നു. ഇയാളിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
ഹരിപ്പാട് സ്റ്റേഷൻഹൗസ് ഓഫീസർ അഭിലാഷ് കുമാർ, എസ്.ഐ. ഷൈജ, എഎസ്ഐ സുജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രാഗേഷ്. അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.