മാവേലിക്കര: സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് അബദ്ധത്തിൽ തലയുടെ പിൻവശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി നവനീതാണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ വിദ്യാർഥി പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മറ്റ് കുട്ടികൾ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയിൽ നിന്നും ബാറ്റ് അബദ്ധത്തിൽ തെറിച്ചു മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ക്ലാസ് മുറിയിലെ ഡസ്കിന്റെ ഒടിഞ്ഞ ഭാഗമാണ് കുട്ടികൾ ബാറ്റായി ഉപയോഗിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് സ്കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങൾ തിരക്കി. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.