ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
സംഭവത്തില്‍ യുവതിയുടെ കാമുകന് താനൂര്‍ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീറിനെ (44) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ പുരക്കല്‍ സൗജത്ത് (36) കൊല്ലപ്പെട്ട കേസിലാണ് പ്രതി പിടിയിലായത്.
നവംബര്‍ 30ന് കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്ബിലുള്ള വാടക ക്വാര്‍ട്ടേഴ്സിലാണ് സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയും സൗജത്തിന്റെ കാമുകനുമായ ബഷീറിനെ കോട്ടക്കലിലെ താമസസ്ഥലത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊണ്ടോട്ടി പൊലീസ് ബഷീര്‍ ആരോഗ്യനില വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ കൊലപ്പെടുത്തിയതിന് 2018 ഒക്ടോബറില്‍ താനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ് ഇരുവരും.
ഗള്‍ഫില്‍ നിന്ന് രണ്ട് ദിവസത്തേക്ക് അവധിക്ക് വന്ന് സൗജത്തുമായി ചേര്‍ന്ന് സവാദിനെ കൊലപ്പെടുത്തി ഗള്‍ഫിലേക്ക് തന്നെ രക്ഷപ്പെട്ട ബഷീറിനെ പൊലീസ് നാട്ടിലെത്തിച്ചാണ് അറസ്റ്റു ചെയ്തിരുന്നത്.
കേസില്‍ ജാമ്യത്തിലിറങ്ങിയ ഇരുവരും വിവിധയിടങ്ങളില്‍ വാടകക്ക് താമസിക്കുകയായിരുന്നു.
വലിയപറമ്ബില്‍ താമസിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കുകയും സൗജത്തിനെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് ബഷീര്‍ പൊലീസിന് നല്കിയ വിവരം.