പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മരിച്ച ശ്രീലയയുടെ അച്ഛൻ പുറായില്‍ ജയരാജന് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതികള്‍ നല്കി.
മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും ശ്രീലയ എഴുതിവെച്ചുവെന്ന് പറയുന്ന കത്തിലെ കൈയക്ഷരം അവളുടേതല്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. മികച്ച നിലയില്‍ പ്ലസ്ടു പാസായ ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്സിംഗ് തെരഞ്ഞെടുത്തത്.
എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവയ്ക്കുന്ന സ്വഭാവമാണ് മകൾക്കുള്ളത്. മകള്‍ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പോലീസ് കാണിച്ച കത്തിലെ കൈയക്ഷരങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു.