തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ.ശശികലയുടെ മൊഴി വീണ്ടും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും.
കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണകാരണമെന്നാണ് ഫോറൻസിക് സർജൻ നേരത്തെ മൊഴി നൽകിയിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്.
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കഴുത്തിലുള്ള മൂന്നു മുറിവുകളിൽ മൂന്നാമത്തെ മുറിവിനെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായാണ് വീണ്ടും ഡോ.ശശികലയുടെ മൊഴിയെടുക്കുന്നത്.
മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഉണ്ടാകുന്ന പരിക്കുകളുമാകാം എന്നാണ് ക്രൈം ബ്രാഞ്ചിന് നൽകിയിരുന്ന മൊഴി.
ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി സംബന്ധിച്ച് വിദഗ്ദരിൽ നിന്നും ക്രൈംബ്രാഞ്ച് അഭിപ്രായം തേടിയിരുന്നു. സ്വയം പീഡിപ്പിക്കുന്ന ‘അസ്ഫിക്സിയോഫീലിയ’ എന്ന അവസ്ഥ വളരെ വിരളമാണെന്നും ഡോക്ടർ ആദ്യം നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കൂടാതെ കൊലപാതക സാധ്യത ഉൾപ്പെടെ താൻ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പോലീസ് മൊഴി തയ്യാറാക്കിയതെന്നും ഡോ. ശശികല നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം ആന്തരികവായവങ്ങളുടെ രാസപരിശോധന ഫലം ഈ ആഴ്ച ലഭിക്കും. നയനയുടെ ചില സുഹൃത്തുക്കളുടെ മൊഴി ഇനി രേഖപ്പെടുത്താൻ ബാക്കിയുണ്ട്.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് നയനയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ സുഹൃത്തുക്കള്‍ കണ്ടെത്തിയത്.