കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം ദേശീയ ശ്രദ്ധയിലേക്ക്.
രാഹുല്‍ ഗാന്ധി എംപി മരിച്ച ആദിവാസി യുവാവിന്റെ വീട് സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്തുണ്ടായ സംഭവം ദേശീയമാധ്യമങ്ങളിലും ചര്‍ച്ചയായി.
കല്‍പ്പറ്റ വെള്ളാരംകുന്ന് പുഴമുട്ടി അഡ്ലൈഡ് പാറവയല്‍ കോളനിയില്‍ വിശ്വനാഥനെയാണ് മതൃശിശുസംരക്ഷണ കേന്ദ്രത്തിന് സമീപത്തെ മരത്തില്‍ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷയം രാഷ്ട്രീയമായിതന്നെ ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖും രംഗത്തെത്തി.
കേരളത്തിലെ ഇത്തരം വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആള്ക്കൂട്ടക്കൊലപാതകമാണിതെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം കേസില്‍ പോലീസ് എസ്സി എസ്ടി കമ്മീഷന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി ഇന്നു വിശ്വനാഥന്റെ വീട് സന്ദര്‍ശിക്കും. മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദനം നടന്നതിന് പ്രാഥമിക തെളിവുകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
അസ്വാഭാവികമായി ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അതേസമയം ആറു മുറിവുകള്‍ ദേഹത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത് മര്‍ദനത്തില്‍ ഉണ്ടായതല്ലെന്നാണ് പോലീസ് പറയുന്നത്. തൂങ്ങിമരിക്കുന്നതിന് വേണ്ടി മരത്തില്‍ കയറിയപ്പോഴോമറ്റോ ഉണ്ടായതാണ്. ഇത് കൂടി വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും കൈമാറുക.