കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസി യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല.
തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമ്പോഴും ആള്‍ക്കൂട്ട ആക്രമണമാണ് മരണകാരണമെന്ന ആരോപണത്തില്‍ കുടുബവും വിവിധ സംഘടനകളും ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉത്തര മേഖലാ ഐജി നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട്ട് യോഗം ചേരും.
കല്‍പ്പറ്റ വെള്ളാരംകുന്ന് വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മോഷണക്കുറ്റംചുമത്തി ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ വിശ്വനാഥന് മാനസിക വിഷമം കാരണം തൂങ്ങിമരിച്ചുവെന്നാണ് പോലീസ് നിഗമനം.
ഇന്നു നടക്കുന്ന യോഗം അന്വേഷണത്തിന്റെ വിവിധ വശങ്ങള് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ.സുദര്ശനന് അടക്കമുള്ള ഉദ്യേഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ നടപടികള്‍ യോഗം വിലയിരുത്തും.
അന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എന്ന പരിശോധനയും നടക്കും. ഭാവി കാര്യങ്ങളും ചര്‍ച്ച ചെയ്യും.അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് അസി. കമ്മിഷണര്‍ കെ.സുദര്‍ശനന്റെ േനതൃത്വത്തിലുള്ള അന്വേഷണ സംഘം വിശ്വനാഥന്റെ വയനാട്ടിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ബന്ധുക്കള്‍ ഈ ആവശ്യത്തില്‍ ഉറച്ചുനില്ക്കുന്നില്ലെന്ന നിലപാടിലാണ് പോലീസ്.
അതിനാല്‍ റീപോസ്റ്റ്മോര്‍ട്ടം നീളും. പരാതിയുമായി എത്തിയ തങ്ങളോട് മെഡിക്കല്‍ കോളജ് പോലീസ് മോശമായി പെരുമാറിയതായി സഹോദരങ്ങളായ ഗോപിയും വിനോദും മൊഴി നല്‍കിയിട്ടുണ്ട്.
മര്‍ദിച്ച് കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ഇവര്‍ പറഞ്ഞത്. തങ്ങളുടെ അറിവില്ലാെതയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും വീണ്ടും പോസ്റ്റ്മാര്ട്ട്ം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാല്‍ അത്തരെമാരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പോലീസ് അസി. കമ്മിഷണര്‍ കെ.സുദര്ശനന് രാഷ്ട്രദീപികയോടു പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.വിശ്വനാഥന്റെ മാതാവ് പാറ്റ, സഹോദരങ്ങളായ വിനോദ്, ഗോപി, ഭാര്യ ബിന്ദു, ഭാര്യമാതാവ് ലീല എന്നിവരില്‍ നിന്നാണ് എസിപി മൊഴിയെടുത്തത്.
മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു സമീപം വച്ചാണ് വിശ്വനാഥനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നത്. ഇതു കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന നടന്നുവരികയാണ്.
ആശുപത്രി അധികൃതരും പോലീസും സ്ഥാപിച്ച രണ്ടു ക്യാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഒമ്പതാം തീയതി രാത്രി ഐഎംസിഎച്ചിന്റെ മുറ്റത്ത് രോഗികളുടെ ബന്ധുക്കള്‍ കാത്തിരിക്കുന്ന സ്ഥലത്ത് ഒരാള്‍ ആദ്യം വരുന്നതും വിശ്വനാഥനുമായി എന്തോ സംസാരിക്കുന്നതും കാണുന്നുണ്ട്.
പിന്നീട് മുന്നുപേര്കൂടി ഇവിടേക്ക് എത്തുന്നു. ഇവര്‍ യുവാവിന്റെ പുറത്തുതട്ടി പോകുന്നു. വിശ്വനാഥന് ൈകയിലുള്ള കവര്‍ ആള്‍ക്കൂട്ടത്തിനു കാണിച്ചുകൊടുക്കുന്ന ദൃശ്യം വിദൂരമായി കാണുന്നുണ്ട്.
ഇതിനുശേഷം അദ്ദേഹം മതിലിന്റെ അടുത്തുപോയി ഇരിക്കുന്നു. പിന്നെ മുറ്റത്തുകൂടെ നടക്കുകയും റോഡ് മുറിച്ചുകടന്നുപോകുകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം എട്ട് മുതല്‍ പത്തുവരെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയവരുടെ കൂട്ടിരിപ്പുകാരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് മെഡിക്കല്‍കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആശുപത്രി വിട്ടവരുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസിനു കിട്ടിയ സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ഇതു വില പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓരോ ആളുകളെയും കണ്ടെത്തി ഇയാള്‍ ആരാണെന്ന് ഉറപ്പുവുരത്തുകയാണ് പ്രധാനം.