കൊടുവായൂർ: വെമ്പലൂരിൽ അമ്മയേയും രണ്ടു പെണ്മക്കളേയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂശാരിമേട് തേക്കിൻകാട് രതീഷിന്റെ ഭാര്യ പദ്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴ്), ശ്രീലേഖ (അഞ്ച്) എന്നിവരാണ് മരിച്ചത്. കൂട്ടിക്കെട്ടിയ നിലയിൽ ഇന്നു രാവിലെയാണ് സമീപവാസികൾ മൃതദേഹങ്ങൾ കുളത്തിൽ കണ്ടത്. പുതുനഗരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ മുതൽ പദ്മാവതിയേയും മക്കളെയും കാണാനില്ലായിരുന്നു. ഭർത്താവ് രതീഷ് നല്കിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
വടക്കഞ്ചേരി തേനിടുക്ക് പുഷ്പച്ചാൽ സ്വദേശി വേലായുധൻ-ശിലോമണി ദന്പതികളുടെ മകളാണ് മരിച്ച പദ്മാവതി. ശനിയാഴ്ച മകളെ ഫോണിൽ വിളിച്ചപ്പോൾ ഭർത്താവ് മർദ്ദിച്ചുവെന്നും കാലിൽ മുറിവേറ്റുവെന്നും പറഞ്ഞതായി മാതാവ് ശിലോമണി പോലീസിന് മൊഴി നൽകി. പാലക്കാട് എസ്പി പ്രതീഷ്കുമാർ സ്ഥലത്തെത്തി. കുഴൽമന്ദം സിഐ സിദ്ധിഖിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.