വാഷിംഗ്ടൺ: ഭാര്യയുമായി കലഹിച്ച് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയയാൾക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. കലഹത്തേത്തുടർന്ന് ഭാര്യയെ മർദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച വൈകിട്ടാണ് ഡ്വെയ്ൻ യൂദ എന്ന 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു വിമാനം ഇടിച്ചിറക്കൽ.
തന്‍റെ രണ്ടു നില വീടിന് മുകളിലേക്ക് ഇയാൾ വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു. എന്നാൽ അവരിരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, ഇടിയുടെ ആഘാതത്തിൽ വീട് കത്തിയമർന്നു. സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നടത്തിയെ തെരച്ചിലിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യൂദിന്‍റെ മൃതദേഹം കണ്ടെടുത്തത്.
പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദെന്ന് വ്യക്തമാക്കിയ പോലീസിന് പക്ഷേ, ഏത് കമ്പനിയുടേതാണ് വിമാനം എന്ന് കണ്ടെത്താനായിട്ടില്ല. വിമാനവും വീടിന് പുറത്ത് കിടന്ന കാറുകളും പൂർണമായും തകർന്നെന്നും പോലീസ് വ്യക്തമാക്കി.