കരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ട നിലയില് കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.
മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായാണ് കുഴിച്ചു മൂടിയത്. മൃതദേഹങ്ങളിൽ വസ്ത്രം ഇല്ലായിരുന്നു. സ്ഥലം ഉടമ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചു മൂടിയെന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു.
അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ ഞായറാഴ്ച കസബ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ പോലീസിനെ ഭയന്ന് ഇവർ ഒളിവിൽ പോയി. തിങ്കളാഴ്ച പുലർച്ചയോടെ പോലീസ് ഇവരെ തിരക്കിയെത്തിയതിനെ തുടർന്ന് നാലുപേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിനും ഷിജിത്തിനും ഷോക്കേറ്റത്.