കുന്നംകുളം: കുന്നംകുളത്തിനടുത്ത് അഞ്ഞൂർകുന്നത്ത് ക്വാറിയിലെ പാറക്കുളത്തിൽ മൂന്നു കുട്ടികളടക്കം നാലുപേർ മുങ്ങിമരിച്ചു. അഞ്ഞൂർകുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പാക്കത്ത് താമി മകൾ സീത (45), സീതയുടെ ഏകമകൾ പ്രദിക (14), ഇവരുടെ അയൽവാസി രായംമരയ്ക്കാർ വീട്ടിൽ ബുഷറയുടെ മകൾ സന (14), ബുഷറയുടെ ചേച്ചിയുടെ മകളുടെ കുട്ടിയും ചേലക്കര കാളിയാറോഡ് അനസിന്റെയും സഫ്നയുടെയും മകൻ ഹാഷിം (ഏഴ്) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവരുടെ വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള പാറക്കുളം ക്വാറിയിലേക്കാണ് ഇവർ കുളിക്കുന്നതും തുണികൾ അലക്കുന്നതിനുമായി പോയത്. വൈകീട്ട് നാലിനാണ് ഇവർ പോയത്. ഇവിടെയുള്ള മൂന്നു വലിയ പാറക്കുഴികളിൽ നിറയെ വെള്ളമുണ്ട്. ഇതിൽ ഒന്നിലാണ് ഇവർ ഇറങ്ങിയത്.
എന്നാൽ ആറുമണിയായിട്ടും കുളിക്കാൻ പോയവർ തിരിച്ചു കയറി വരാത്തതു ശ്രദ്ധിച്ച കുളത്തിനടുത്തു താമസിക്കുന്നവർ നോക്കിയപ്പോൾ ഇവരുടെ ഡ്രസുകൾ കരയിൽ ഇരിക്കുന്നുണ്ടായിരുന്നു. വെള്ളത്തിന് ഒരു അനക്കംപോലും ഉണ്ടായിരുന്നില്ല. സമീപവാസികൾ ഉടനെ സീതയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അവർ കുളിക്കാൻ പോയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെ ഇവർ വെള്ളത്തിലുണ്ടെന്ന് ഉറപ്പിച്ച് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഉടനെ ഫയർഫേഴ്സിനെയും വിവരമറിയിച്ചു. പാറക്കുളത്തിൽ അഞ്ചാളുടെ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിൽ സീതയുടെയും രണ്ട് പെണ്കുട്ടികളുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തു. ഹാഷിമിന്റെ മൃതദേഹം കണ്ടെത്താൻ പിന്നെയും വൈകി.
എട്ടുമണിയോടെ എല്ലാ മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സനയുടെ അമ്മ ബുഷറ വിദേശത്താണ്. ഇവർ ഇന്നു നാട്ടിലെത്തും. സീതയുടെ പ്രായമായ അമ്മമാത്രമാണ് ഇനി ആ വീട്ടിലുള്ളത്. മൃതദേഹങ്ങൾ ഇന്നു രാവിലെ തന്നെ കുന്നംകുളം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കി. സംസ്കാരം ഇന്നു വൈകിട്ട്.