ന്യൂഡൽഹി: നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ താരാപുർ എൻക്ലേവിലെ വീട്ടിലാണ് ലഫ്. കമാൻഡർ വിവേക് തിവാരിയുടെ ഭാര്യ പരീണികയെ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തുന്പോൾ പരീണിക (29) മരിച്ചിരുന്നു. ബെഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു. അകത്തുനിന്നു മുറി പൂട്ടിയശേഷം പരീണിക തൂങ്ങുകയായിരുന്നെന്ന് വിവേക് പോലീസിനോടു പറഞ്ഞു. വാതിൽ തകർത്താണ് താൻ അകത്തു കടന്നതെന്നും ഭാര്യയെ താഴെ ഇറക്കിയശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നെന്നും ഭർത്താവ് വ്യക്തമാക്കി.
വിവേകിന്റെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. മൂന്നു വർഷം മുന്പാണ് വിവേകും പരിണികയും വിവാഹിതരായത്.