ലക്നൗ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രകോപിതരായ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീടിനു തീയിട്ടു. തീപിടിത്തത്തില്‍ വീടിനുള്ളിലുണ്ടായിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണു സംഭവം. തിങ്കളാഴ്ചയാണ് അൻഷിക എന്ന 27കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ ഭർത്താവും വീട്ടുകാരും ചേർന്നു യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ആരോപിച്ചു. ഇതിനിടെ യുവതിയുടെ ബന്ധുക്കളിൽപ്പെട്ട ചിലർ ഭർതൃവീടിനു തീയിടുകയായിരുന്നു.
ആത്മഹത്യ അന്വേഷിക്കാനെത്തിയ പോലീസിന്റെ മുൻപിലായിരുന്നു ആക്രമണം. വീടിനുള്ളിൽ തീ പടർന്നതിനെത്തുടർന്ന് യുവതിയുടെ ഭർത്താവിനെയും സഹോദരിയെയും ഉൾപ്പെടെ അഞ്ചു പേരെ രക്ഷിക്കാൻ പോലീസിനായെങ്കിലും മാതാപിതാക്കള്‍ തീയില്‍പ്പെട്ടു മരിച്ചു. രാജേന്ദ്ര കേസർവാണി (65), ശോഭ ദേവി (62) എന്നിവരാണു മരിച്ചത്, പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.