കണ്ണൂർ: ദുരൂഹസാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. തോട്ടട കിഴുന്നപ്പാറയിലെ പി.കെ. സാജിർ (32) ആണ് ഇന്നു രാവിലെ മരണമടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കിഴുന്നപ്പാറയിലെ കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് കൊയിലി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നട്ടെല്ലിനും സുഷ്മുന നാഡിക്കും സാരമായി ക്ഷതമേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്കു നിർദേശിച്ചു. അതീവ ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയ ചെയ്താലും ജീവൻ രക്ഷിക്കാൻ കഴിയുമെന്ന ഉറപ്പില്ലെന്നും എന്നാൽ ആവുന്നതെല്ലാം ചെയ്യാമെന്നും ഡോക്ടർ അറിയിക്കുകയായിരുന്നു.
ഇതുകാരണം ബന്ധുക്കൾ ശസ്ത്രക്രിയയ്ക്ക് തയാറാകാതെ ചക്കരക്കല്ലിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഇന്നു രാവിലെ ശ്വാസതടസത്തെ തുടർന്ന് ഉടൻ താണ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. യുവാവിന് ഗുരുതര പരിക്കേൽക്കാനുള്ള സാഹചര്യത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
ഇതേതുടർന്ന് നാട്ടുകാർ എടക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുബൈർ-ഷാഹിദ ദന്പതികളുടെ മകനാണ്. ഭാര്യ: അസീന. രണ്ടാഴ്ച പ്രായമുള്ള പെൺകുട്ടിയുണ്ട്. സഹോദരങ്ങൾ: സുജീർ, താഹിർ, ഷാനിദ.