ഏറ്റുമാനൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്ത് കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഏറ്റുമാനൂർ പട്ടിത്താനം കാട്ടാത്തി അനിഴം വീട്ടിൽ എസ്. ഗണേഷ്കുമാർ (46) ആണ് മരിച്ചത്. അടൂർ സ്വദേശിയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ഗണേഷ്കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഇദ്ദേഹത്തിന് ഇന്നലെ ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു.
സമയമായിട്ടും ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻതന്നെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഗണേഷ്കുമാറിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
ഭാര്യ ജൂണ ഗണേഷ് കോട്ടയം ജനറൽ ആശുപത്രി നഴ്സാണ്. മകൻ: അഷോ ഗണേഷ് (കോട്ടയം വടവാതൂർ കേന്ദ്രീയ വിദ്യാലയ 5-ാം ക്ലാസ് വിദ്യാർഥി).