പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ പോലീസിന്റെ ക്രൂരതയെന്ന് മാതാപിതാക്കള്‍. ചിറ്റാര്‍ വയ്യാറ്റുപുഴ പുത്തന്‍വീട്ടില്‍ അജിത്കുമാര്‍ – സിനി ദമ്പതികളുടെ മകന് വിഷ്ണുവാണ് കഴിഞ്ഞ ഒക്ടോബര്‍ 20നു വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാര്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്.
ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെയും മാതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് മകന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് അജിത് കുമാറും സിനിയും ആരോപിച്ചു.
ചെറുമകന് ജീവനൊടുക്കിയ മനോവിഷമത്തില്‍ സിനിയുടെ പിതാവ് പി.ടി. വര്‍ഗീസ് (62) അന്നു രാത്രിയില്‍ ഹൃദയാഘാതത്തേ തുടര്‍ന്ന് മരിച്ചിരുന്നു.
ഒരു ദിവസം മകന്റെയും പിതാവിന്റെയും വിയോഗം താങ്ങേണ്ടിവന്നതിന്റെ മനോവ്യഥയിലാണ് താനിപ്പോഴുമുള്ളതെന്ന് സിനി പറഞ്ഞു. മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തനിക്കെതിരേ അപമാനം തുടരുകയാണ്. ഇത് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് വീട്ടമ്മ പറഞ്ഞു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിയ തനിക്കും മകനും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ മാനസികമായി ഏറെ തളര്‍ത്തിയെന്നും സിനി പറഞ്ഞു.
വിഷ്ണുവിന് മുമ്പ് സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായതിനേ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പോലീസ് സ്റ്റേഷനില്‍ ഇവരെ എത്തിച്ചത്.
പെണ്‍കുട്ടിയുടെ വീടിനു സമീപത്തു വിഷ്ണുവിനെ കണ്ടുവെന്ന പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും അസഭ്യം പറയുകയും കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്തതായി മാതാവ് സിനി പറഞ്ഞു.
പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സിഐയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തന്നെയും മകനെയും സ്റ്റേഷനില്‍ അപമാനിച്ചത്. ഈ സംഭവത്തിനുശേഷം മകന് ഏറെ മനോദുഃഖത്തിലായെന്നും പിറ്റേന്ന് സ്കൂളില്‍ പോകാന്‍ മടി കാട്ടിയെന്നും സിനി പറഞ്ഞു.
19ന് വീട്ടിലേക്ക് എത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണു രണ്ട് കൂട്ടുകാരോടൊപ്പം സ്കൂട്ടറില്‍ പകല്‍ അവിടെയെത്തിയത്.
ഈസമയം പെണ്‍കുട്ടിയുടെ പിതാവ് എത്തി വിഷ്ണുവിനെ ബലമായി പിടിച്ച് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിഷ്ണുവിനെ പരസ്യമായി ആക്ഷേപിക്കുകയും പോക്സോ കേസില്ജയിലില് ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിറ്റേന്നു രാവിലെയും വിഷ്ണുവിനെ ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്ന ഭയവുമുണ്ടായിരുന്നു.
ആത്മഹത്യ ചെയ്യാന്‍ പോലീസ് പ്രേരിപ്പിച്ചതായും മാതാവ് സിനി പറഞ്ഞു. സംഭവത്തേ തുടര്‍ന്ന് തങ്ങളുടെ താമസസ്ഥലത്തെത്തിയ പോലീസ് സംഘം വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയി. തുടര്‍ അന്വേഷണങ്ങള്‍ നടത്തിയതുമില്ല.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോന്നി ഡിവൈഎസ്പിയെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. സ്്റ്റേഷനില്‍ നടന്ന സംഭാഷണങ്ങള്‍ പൂര്‍ണമായി സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നതുപോലെ ആരെയും അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നും വിഷ്ണുവിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് സിഐ ബിനു പറഞ്ഞു.