തൃശൂർ: തിരുവനന്തപുരത്തുനിന്നു കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി എടവട്ടം മഞ്ചേരി പുത്തൻ വീട്ടിൽ രാജൻ കുറുപ്പിന്റെ മകൻ മഹീഷ് രാജ് (49) ആണു മരിച്ചത്.
തൃശൂർ വെളിയന്നൂരിലുള്ള ലോഡ്ജിലാണ് മഹേഷ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക്യാന്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.നാലിനു രാത്രി പത്തരയോടെ ലോഡ്ജിൽ മുറിയെടുത്ത മഹീഷ് രാജ് അഞ്ചിനു വൈകീട്ട് മുറിയൊഴിയുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ മുറി തുറക്കാത്തതിനാൽ സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഇന്നലെ രാത്രി ഏഴോടെ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ മഹീഷിനെ കണ്ടെത്തിയത്.
മഹീഷ് രാജിനെ കാണാനില്ലെന്ന പരാതി കൊല്ലം ഏഴുകോണ് പോലീസ് സ്റ്റേഷനിൽ മൂന്നിനു ബന്ധുക്കൾ നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തൃശൂർ ഈസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.