
തൊടുപുഴ: സിവിൽ പോലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി എ.ആർ.ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ മേലുകാവ് തടത്തിപറന്പിൽ ജോജി ജോർജി (36) നെയാണ് മുട്ടം കോടതിക്കവലയ്ക്ക് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലോടെയോടെയാണ് ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ജോജിയെ അടുത്ത മുറിയിലെ താമസക്കാർ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജോലിക്ക് എത്തിയിരുന്ന ജോജി ഒരു ദിവസം അവധി വേണമെന്ന് ഓഫീസിൽ അറിയിച്ചിരുന്നു.
ഭാര്യ സിന്ധുവിന്റെ പേരിൽ എഴുതിയ നാല് വരിയുള്ള കത്ത് ലോഡ്ജ് മുറിയിൽ നിന്ന് മുട്ടം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിന്റെ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടില്ല.
മൃതദേഹം ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് മേലുകാവ് മായാപുരി സിഎസ്ഐ പള്ളിയിൽ സംസ്കരിക്കും.
മരണകാരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു. ഭാര്യയുടെ വീട് മുട്ടത്തിന് സമീപം വള്ളിപ്പാറയിലാണ്. രണ്ട് മക്കളുണ്ട്.