കൊല്ലം: അഷ്ടമുടി ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ ശ്രീദേവിയുടെ ആത്മഹത്യയ്ക്ക് സാഹചര്യമൊരുക്കിയ സംഭവങ്ങളെ സംബന്ധിച്ച് സത്യസന്ധവും നീതിപൂർവവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സ്കൂളിൽ മദ്യപിച്ച വിദ്യാർഥികളെ താക്കീത് നൽകിയതിലുള്ള വിരോധം നിമിത്തം വിദ്യാർഥിയുടെ ബന്ധുക്കളിലൊരാളായ പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് നിർബന്ധിതമായതെന്ന ബന്ധുക്കളുടെ സംശയം ദൂരീകരിക്കുവാൻ ഉന്നതല അന്വേഷണം അനിവാര്യമാണ്.
പോലീസ് ഉദ്യോഗസ്ഥൻ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കേസിൽ സഹായികളായി ചില അധ്യാപകരും പ്രവർത്തിക്കുന്നു എന്ന പരാതി ഉണ്ടായിട്ടും നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിൽ പോലീസ് വീഴ്ച വരുത്തുന്നു.
അധ്യാപകർക്കുനേരേ നിരന്തരമായുണ്ടാകുന്ന അതിക്രമങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിലെ ദുരൂഹത ഒഴിവാക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.