ഹരിപ്പാട്: ചികിത്സ വൈകിയതിനാൽ വീട്ടമ്മ മരിക്കാനിടയായ സംഭവം അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യഡയറക്ടറും അന്വേഷിക്കും. മുതുകുളം വടക്ക് വൃന്ദാവനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ രാധ(64) മരിക്കാനിടയായ സംഭവമാണ് വിശദമായി പരിശോധിക്കുന്നത്. ചന്ദ്രബാബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ടായത്.
കഴിഞ്ഞ വെളളിയാഴ്ച ഇളയ സഹോദരൻ ഗോപിയുടെ മരണവാർത്തയറിഞ്ഞെത്തിയ രാധ ശ്വാസം മുട്ടലനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇവരെ കാറിൽ നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ അശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്ന് 108 ആബുലൻസിലാണ് രാധയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആബുലൻസിൽ കയറ്റിയ രാധയെ തട്ടാരന്പലത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തിരമായി എത്തിക്കാനാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ, ആബുലൻസുകാർ ഇത് കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സ്വകാര്യ ആശുപത്രിയിൽ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാൻ തങ്ങൾക്ക് അനുവാദമില്ലെന്നായിരുന്നു ആബുലൻസ് ജീവനക്കാരുടെ വാദം. ഇതുമൂലമുണ്ടായ വാക്കുതർക്കം സമയം നഷ്ടപ്പെടാൻ കാരണമായി.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച ഇവരെ മറ്റൊരു ആബുലൻസിൽ പിന്നീട് തട്ടാരന്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആബുലൻസ് ജീവനക്കാർക്കെതിരെ കനകക്കുന്ന് പോലീസ് സ്റ്റേഷനിലും പരാതി നല്കിയിരുന്നു.
പോലീസ് ആബുലൻസ് ജീവനക്കാരെ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തു. സംഭവം നടന്നത് ഹരിപ്പാട് കരീലകുളങ്ങര പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ്. അതിനാൽ പരാതി കരീലകുളങ്ങര പോലീസിന് കൈമാറുമെന്ന് കനകക്കുന്ന് എസ്.ഐ. ജി.സുരേഷ്കുമാർ പറഞ്ഞു.