ഗുവാഹത്തി/ഐസ് വാൾ: റിമാൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മിസോറം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 37 ആയി.
നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. നൂറുകണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. പ്രകൃതിദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനമാണ് മിസോറാം.
ഐസ് വാൾ ജില്ലയിൽ ക്വാറി തകർന്നു മരിച്ച 21 പേർ ഉൾപ്പെടെ മെൽതം, ഹ്ലിമെൻ, ഫാൽകൗൺ, സേലം വെംഗ് മേഖലകളിൽ 27 പേർ മരിച്ചു. നാഗാലാൻഡിൽ അഞ്ചും അസമിൽ മൂന്നും മേഘാലയയിൽ രണ്ടുപേരുമാണു മരിച്ചത്.
ചുഴലിക്കാറ്റിനെത്തുടർന്ന് എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ, വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്.
ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അസമിൽ കാംരൂപ്, കാംരൂപ് (മെട്രോ), മോറിഗാവ് ജില്ലകളിൽ മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. സോനിത്പുർ ജില്ലയിൽ സ്കൂൾ ബസിനു മുകളിൽ മരം കടപുഴകിവീണ് 12 വിദ്യാർഥികൾക്കു പരിക്കേറ്റു. മൊറിഗാവിൽ വിവിധ സംഭവങ്ങളിലായി അഞ്ചു പേർക്കു പരിക്കേറ്റു.