തൊടുപുഴ: പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പോലീസിന്റെ നിലപാടു മൂലം മൃതദേഹം രണ്ടു മണിക്കൂറോളം പെരുവഴിയിൽ കിടന്നു. കല്ലൂർക്കാട് കാപ്പ് തഴുവംകുന്ന് പെരുമാങ്കണ്ടം മലന്പുറത്ത് രവീന്ദ്രന്റെ മകൻ രജീഷി(36) ന്റെ മൃതദേഹവുമായെത്തിയ ആംബുലൻസ് തൊടുപുഴ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞതോടെയാണ് ടൗണിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായത്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി എത്തിയ ആംബുലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. തൊടുപുഴ സിഐ എൻ.ജി . ശ്രീമോൻ രജീഷിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. നൂറുകണക്കിനു ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ജില്ലാകളക്ടറും എറണാകുളം റേഞ്ച് ഐജിയും ഇടപെട്ടതിനെത്തുടർന്നാണ് പോലീസ് ആംബുലൻസ് കടത്തി വിടാൻ തയാറായത്.
തൊടുപുഴയിൽ ഓട്ടോ ഡ്രൈവറായ രജീഷ് ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞതിനെത്തുടർന്ന് സ്വകാര്യ മെഡിക്കൽ ലാബിൽ ജോലിക്കാരിയും കുമാരമംഗലം സ്വദേശിനിയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഏതാനും ദിവസം മുൻപ് യുവതിയുമായി അടിമാലിയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെതുടർന്ന് അടിമാലി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസിനു കൈമാറി.
യുവതിയെ ഇവരുടെ വീട്ടുകാർക്കൊപ്പം വിട്ടയച്ചിരുന്നു. രജീഷിനെ പോലീസ് സ്റ്റേഷനിൽ വച്ചു മർദിച്ചതിനുശേഷമാണ് വീട്ടുകാർക്കൊപ്പം വിട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. രജീഷിന്റെ മാതാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ആക്ഷേപിക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയ രജീഷിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഞായറാഴ്ച വൈകിട്ടോടെയാണ് രജീഷിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു.
മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയാറാക്കാൻ എത്തിയ പോലീസിനെ ഇന്നലെ രാവിലെ നാട്ടുകാർ തടഞ്ഞിരുന്നു. ആർഡിഒ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടർന്ന് മൂവാറ്റുപുഴ തഹസീൽദാർ സ്ഥലത്തെത്തിയതിനു ശേഷമായിരുന്നു നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹവുമായി തൊടുപുഴയിലെത്തി പോലീസിനെ പ്രതിഷേധമറിയിച്ചതിനുശേഷം സംസ്കാരത്തിനുകൊണ്ടുപോകുകയായിരുന്നു ബന്ധുക്കളുടെ ലക്ഷ്യം.
എന്നാൽ, ഇന്നലെ വൈകിട്ട് നാലരയോടെ ആംബുലൻസ് എത്തുന്നതിനു മുൻപു തന്നെ ഡിവൈഎസ്പി എൻ.എൻ. പ്രസാദിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ടൗണിൽ നിലയുറപ്പിച്ചു. മൂവാറ്റുപുഴ റോഡ് വഴി വാഹനം എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തുനിന്നെങ്കിലും കോലാനി ബൈപാസ് വഴി ആംബുലൻസ് ടൗണിലൂടെ ഗാന്ധി സ്ക്വയറിലെത്തുകയായിരുന്നു.
ഇതോടെ പോലീസ് ഇവിടെ ഉപരോധം തീർത്തു. വാഹനം ഇതു വഴി കടന്നു പോകുന്നതേയുള്ളൂവെന്നും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും നാട്ടുകാരും ബന്ധുക്കളും അറിയിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. പിന്നീട് മുനിസിപ്പൽ ചെയർപേഴ്സണ് സഫിയ ജബ്ബാർ, കെപിസിസി എക്സിക്യുട്ടീവംഗങ്ങളായ റോയി കെ. പൗലോസ്, സി.പി. മാത്യു എന്നിവരും സ്ഥലത്തെത്തി പോലീസുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തഹസീൽദാർ ഇൻചാർജ് സി.പി.രാജേന്ദ്രകുമാർ, ഡപ്യൂട്ടി തഹസീൽദാർ ബിനു ജോസഫ് എന്നിവരും സ്ഥലത്തെത്തി.