കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയ യുവാക്കളില്‍ മരണനിരക്ക് 6.5 ശതമാനം എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്.
രോഗം മാറിയശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത സംബന്ധിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്.) ആണ് പഠനം നടത്തിയത്.
കോവിഡാനന്തരരോഗങ്ങളില് പ്രധാനമായും യുവാക്കളുടെ മരണനിരക്ക് അറിയുന്നതിനുവേണ്ടിയാണ് പഠനം നടത്തിയത്.
കോവിഡുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഡിസ്ചാര്‍ജ് ആയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ആറര ശതമാനം മരണത്തിലേക്ക് വഴുതിവീണുവെന്നാണു റിപ്പോര്‍ട്ടിലുള്ളത്.
കോവിഡ് മാറിയതിനുശേഷം നാലു മുതല്‍ എട്ടാഴ്ചവരെയുള്ള കാലയളവില്‍ 17.1 ശതമാനം പേരില്‍ കോവിഡാനന്തര രോഗങ്ങള്‍ വ്യാപകമാണ്.
ഇവരിലും മറ്റനുബന്ധ രോഗങ്ങള്‍ ഉള്ളവരിലും മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി. 14,419 പേരിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയത്.
കോവിഡിനെ തുടക്കത്തില്‍ അതിജീവിച്ച ഇവരില്‍ 942 പേര്(ആറര ശതമാനം) ഒരുവര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ മരണത്തിനു കീഴടങ്ങി.
ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്കു വിധേയമായശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവരാണ് 14,419 പേര്.
രാജ്യത്തെ 42 കേന്ദ്രങ്ങളിലെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കോവിഡ് രോഗികളുമായി ഒരുവര്‍ഷം നിരന്തരം നടത്തിയ വിവരശേഖരണത്തിലാണ് 6.5 ശതമാനംപേര്‍ ഒരു വര്‍ഷത്തിനകം മരണപ്പെട്ടതായി കണ്ടെത്തിയത്.
രോഗികളുടെ വിവരങ്ങള്‍ തേടി ഒരു വര്‍ഷം ഇവരെ ടെലിഫോണിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. ഒമിക്രോണ്‍ വ്യാപനം മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.
കോവിഡ് രോഗം ബാധിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. മരണകാരണം കോവിഡ് പിടിപെട്ടതുമാത്രമാകണമെന്നില്ല.
കോവിഡ് മൂലം മറ്റു രോഗങ്ങള്‍ മൂര്‍ച്ഛിച്ചതോ പുതുതായി മറ്റു രോഗങ്ങളുണ്ടായതോ മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാം എന്ന് കോവിഡ് രോഗ വിദഗ്ധനും നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കോവിഡ് ടാസ്ക് ഫോഴ്സ് കോ-ചെയര്‍മാനുമായ ഡോ. രാജീവ് ജയദേവന് വ്യക്തമാക്കി.
എന്നാല്‍, ഇതിന്റെ അര്‍ത്ഥം കോവിഡ് ബാധിച്ചാല്‍ 6.5% പേര് മരണപ്പെടുമെന്നല്ല. അതുപോലെ മരണകാരണം പൂര്‍ണമായും കോവിഡ് മൂലമാണോ അതോ മറ്റോരോഗങ്ങളാലാണോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുമില്ല.
കോവിഡ് പിടിപെടുന്നതിനു മുമ്പ് വാക്സിനേഷന് എടുത്തവരില്‍ മരണനിരക്ക് വാക്സിന് എടുക്കാത്തവരെ അപേക്ഷിച്ച് മേല്‍പ്പറഞ്ഞ ഒരു വര്‍ഷ കാലയളവില്‍ കുറവായിരുന്നു എന്നും ഡോ. രാജീവ് ജയദേവന് പറഞ്ഞു.
കോവിഡ് വന്നു പോയവരില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ പഠനവിഷയമാക്കിയ, ഇതുള്‍പ്പെടെ മൂന്നു പ്രബന്ധങ്ങള്‍ കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ചു.
സമാനമായ നിരീക്ഷണങ്ങളാണ് അവയില്‍ ഉണ്ടായത്. വീണ്ടും വീണ്ടും പിടിപ്പെടാനിടയുള്ള ചാക്രിക സ്വഭാവമുള്ള വൈറസാണ് ഇത്.
പ്രത്യേകിച്ചും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കഴിവതും കോവിഡ് പിടിപെടാതെ നോക്കണമെന്നും ഡോ. രാജീവ് പറഞ്ഞു.