സീതത്തോട്: വേനൽകാലത്ത് നദി ഒരു ജീവൻ കൂടി കവർന്നു. സീതത്തോട് കക്കാട്ടാറ്റിൽ കുളിക്കാൻ ഇറങ്ങിയ ബാലൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. ചിറ്റാർ കോളുപ്പറ റെജിയുടെ മകൻ റിച്ചു റെജി (14) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ കക്കാട് കടവിൽ കുളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പവർഹൗസിന് സമീപമുള്ള ഭാഗത്ത് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നു.
കക്കാട് ഉല്പാദനത്തിനു ശേഷം തുറന്നു വിടുന്ന വെള്ളമാണിത്. മരിച്ച റിച്ചുവിന്റെ ബന്ധുക്കളടക്കം ധാരാളം പേർ കുളിക്കാനുണ്ടായിരുന്നു. കക്കാട്ടാറ്റിലേക്കുള്ള കിണറ്റിൽ കാൽ വഴുതിവീണാണ് റിച്ചു അപകടത്തിൽപ്പെട്ടത്. പിന്നീട് നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും സംയോജിതമായി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും. മരിച്ച റിച്ചു റെജി അൾത്താര ബാലനായിരുന്നു. ഓശാന ഞായറാഴ്ച്ചയും സജീവമയായി പങ്കെടുത്തിരുന്നു. ചിറ്റാർ ലിറ്റിൽ എയ്ഞ്ചൽസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ് ടൈനി. സഹോദരൻ റോഷൻ.
വേനൽകാലത്ത് നദി കവരുന്ന മറ്റൊരു ജീവൻ കൂടിയാണിത്. നാട് ജലക്ഷാമത്തിന്റെ പിടിയിലായതോടെ നദി ജലം ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. നിരവധി ആളുകൾ അപകടത്തിൽപ്പെടുകയും ഉണ്ടായി. കഴിഞ്ഞാഴ്ച്ച എഞ്ചിനീയറിംഗ് വിദ്യാർഥി പന്പാനദിയിൽ കീക്കൊഴൂരിന് സമീപം ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. നദിയുടെ ഗതി വശം അറിയാത്തവരാണ് ഒഴുക്കിൽപ്പെടുന്നവരിൽ ഏറെയും.