കോഴിക്കോട്/മട്ടന്നൂർ: നിപ്പാ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. മട്ടന്നൂർ നടുവനാട് തലച്ചങ്ങാട്ടെ പീടിക കണ്ടിയിൽ ബാലന്റെ ഭാര്യ യു. റോജ (39)യാണ് ഇന്നു പുലർച്ചെ മൂന്നോടെ മരിച്ചത്. എന്നാൽ റോജയുടെ മരണകാരണം നിപ്പാ വൈറസ് ബാധ മൂലമല്ലെന്ന് സ്ഥിരീകരിച്ചു.
രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് മരണകാരണം നിപ്പാ അല്ലെന്ന് സ്ഥിരീകരിച്ചത്. മൂത്രത്തിൽ പഴുപ്പുണ്ടായതിനെ തുടർന്നു കഴിഞ്ഞ മാസം 22നാണ് റോജയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നാലു ദിവസത്തോളം ചികിത്സ നടത്തി രോഗം ഭേദമായതിനെ തുടർന്നു ഡിസ്ചാർജ് ചെയ്യാനിരിക്കെ തലവേദന അനുഭവപ്പെടുകയും ബോധമില്ലാതെ വന്നതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
പരിയാരം മെഡിക്കൽ കോളജിൽ വച്ചു എംആർഐ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്തിയെങ്കിലും തലച്ചോറിൽ പനി കയറിയതാണെന്ന് കണ്ടെത്തിയിരുന്നു. നിപ്പാ രോഗത്തിന്റെ പരിശോധനകൾ നടത്തിയെങ്കിലും നിപ്പാ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
രോഗം ഭേദമാകാതെ വന്നതോടെ പരിയാരം മെഡിക്കൽ കോളജിൽ നിന്നു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് പോയെങ്കിലും പനിയായതിനാൽ മെഡിക്കൽ കോളജിലേക്ക് വിടുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ മാസം 31 നു വൈകുന്നേരമാണ് റോജയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിൽ വച്ചു രക്തസാന്പിൾ പരിശോധനയ്ക്കായി മണിപ്പാലിലേക്ക് അയക്കുകയായിരുന്നു.
രാവിലെ നിപ്പാ രോഗം ബാധിച്ചാണ് യുവതി മരിച്ചതെന്ന സംശയമുയർന്നതിനാൽ തില്ലങ്കേരി, മട്ടന്നൂർ മേഖലയിലെ ജനങ്ങളെ ഭീതിയിലായിരുന്നു. കൂത്തുപറമ്പ് നരവൂരിലെ ഭാസ്കരൻ – ശാന്ത ദമ്പതികളുടെ മകളാണ് റോജ. മക്കൾ: അയന. സഹോദരൻ: ഉമേഷ്, ബിജു, ശ്രീജ, ഷിജിന, സുരേഷ്.
അതേസമയം കണ്ണൂർ ജില്ലയിൽ ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഷാജ് രാഷ്ട്രദീപികയോട് പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ റോജയുടെ രക്തസാന്പിളുകൾ മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
മണിപ്പാലിൽ നിന്ന് നിപ്പയല്ലെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ടും വന്നിരുന്നു. കോഴിക്കോട് കോളജിൽനിന്നും വീണ്ടും രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് വന്നിട്ടില്ലെന്നും ഡോ. ഷാജ് പറഞ്ഞു.