ഭൂവനേശ്വർ: ഒഡീഷയില്‍ വീണ്ടും റഷ്യന്‍ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന മൂന്നാമത്തെ സംഭവമാണിത്.
ജഗത്സിംഗ്പൂർ ജില്ലയിലെ പാരദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിൽ മില്യകോവ് സെർജിയെന്ന 51കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്ത് നിന്ന് പാരദീപ് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന എംബി അൽദ്ന എന്ന കപ്പലിന്റെ ചീഫ് എഞ്ചിനീയറായിരുന്നു ഇയാൾ.
പുലർച്ചെ 4.30ഓടെയാണ് കപ്പൽ മുറിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
പാരാദീപ് പോർട്ട് ട്രസ്റ്റ് ചെയർമാൻ പി.എൽ. ഹരാനന്ദ് റഷ്യൻ എൻജിനീയറുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ അവസാന പകുതിയോടെ തെക്കൻ ഒഡീഷയിലെ രായഗഡ പട്ടണത്തിൽ ഒരു നിയമസഭാംഗം ഉൾപ്പെടെ രണ്ട് റഷ്യൻ വിനോദസഞ്ചാരികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പവൽ ആന്റോവ് (65) ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വ്ളാഡിമിർ ബിഡെനോവിനെ (61) ഡിസംബർ 22 ന് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് കേസുകളും ഒഡീഷ പോലീസ് അന്വേഷിക്കുകയാണ്.