തിരൂർ: തിരൂർ മത്സ്യ മാർക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയെ തലയ്ക്ക് കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ നിലയിൽ. നിറമരതൂർ കാളാട് പത്തംപാട് സൈതലവി (50) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മാർക്കറ്റിലെ തൊഴിലാളികൾ വിശ്രമിക്കുന്ന മുറിയിൽ കിടന്നതായിരുന്നു. പുലർച്ചെ ഒരുമണിക്കാണ് സംഭവമെന്നു കരുതുന്നു.
കഴിഞ്ഞ ദിവസം മാർക്കറ്റിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് സംശയം. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നു രാവിലെ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടപടി സ്വീകരിച്ചു വരുന്നു. അന്വേഷണം ഉൗർജിതപ്പെടുത്തിയതായി തിരൂർ എസ്ഐ സുമേഷ് സുധാകരൻ അറിയിച്ചു.