സ്വന്തം ലേഖകൻ
തൃശൂർ: ചേറ്റുപുഴയിൽ ടിപ്പർ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി തെറ്റാരി വീട്ടിൽ വേലപ്പൻ മകൻ ശശിധരനാണ്(49) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുപുഴ സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികവിഭ്രാന്തിയുള്ള ആളാണെന്ന് പറയുന്നു.
ഇന്നു പുലർച്ചെ മൂന്നരയോടയാണ് സംഭവമുണ്ടായത്. പുലർച്ചെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങി നടന്നുവരുന്പോൾ ചേറ്റുപുഴ ആന്പക്കാട്ട് മൂലയിൽവച്ച് ശശിധരനെ ദീപു മുളവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചായകുടിക്കാനായി അതുവഴി വന്നിരുന്ന പ്രശാന്ത് എന്നയാൾ ഇതുകണ്ട് ദീപുവിനെ തടയാൻ ശ്രമിച്ചെങ്കിലും ദീപു വടികൊണ്ട് പ്രശാന്തിനെ ആക്രമിക്കാൻ ശ്രമിച്ച് ആട്ടിയോടിച്ചു.
പ്രശാന്ത് ഒച്ചവെച്ച് കൂടുതൽ ആളുകളെ കൂട്ടി ദീപുവിനെ ഓടിച്ചു വിട്ട ശേഷമാണ് അടിയേറ്റുവീണ ശശിധരനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. ശശിധരനെ ആക്രമിക്കാൻ ഉപയോഗിച്ച മുളവടി സമീപത്തെ വെറ്ററിനറി ആശുപത്രിയിൽനിന്ന് പോലീസ് കണ്ടെടുത്തു.
വാർക്കപ്പണിക്കായി കൊണ്ടുവന്ന മുളവടിയാണിത്. ഇയാൾ മുളവടിയുമായി പടിഞ്ഞാറേ കോട്ടയിൽ കറങ്ങി നടക്കുന്നത് കണ്ടവരുണ്ട്.വെസ്റ്റ് പോലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.ഉഷയാണ് ശശിധരന്റെ ഭാര്യ. മക്കൾ: നിഹിൽ, മിഥുൻ, തീർത്ഥ