ഭുവനേശ്വർ: പെണ്‍കുഞ്ഞിനു ജന്മം നൽകിയതിന് യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ. ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതാണ് കൊലപാതകത്തിനു കാരണമായത്. ഒഡിഷ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 ജൂണ്‍ ഒന്‍പതിന് ഭുവനേശ്വറിലെ ഘടികിയ എന്ന സ്ഥലത്തിരുന്നു സംഭവം. 46കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.
ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയെയും ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. കേസിലെ പ്രധാന സാക്ഷിയും ഈ കുട്ടിയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പരിഗണിച്ചാണ് ജഡ്ജി ബന്ദന കർ മരണം വരെ തൂക്കിലേറ്റാൻ ശിക്ഷ വിധിച്ചത്.