കളമശേരി: ട്രാവൽസ് ഉടമയായ ഡ്രൈവറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചാത്തമംഗലം ശങ്കരൻ മലയിൽ വീട് ഷാജു ശങ്കറി (40) നെയാണ് ഇന്നലെ രാത്രി 9.30 ഓടെ ഏലൂർ മേത്താനത്തെ ഒരു ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്ത് മുറിഞ്ഞിട്ടുണ്ട്.
കൂടെ താമസിക്കുന്നയാൾ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ കുടിശിക മുടങ്ങിയിരുന്നതായി സൂചനയുണ്ട്. രണ്ട് കുട്ടികളുണ്ട്. ഇന്ന് രാവിലെ നടത്തിയ ഇൻക്വസ്റ്റിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ഞാൻ പലിശക്കെണിയിൽ പെട്ടു എന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫ്ലാറ്റ് വാടക, വാഹന ലോൺ, കുടുംബ ചെലവ് എന്നിവ താങ്ങാനാകുന്നില്ലെന്ന് കത്തിൽ പറയുന്നു. മൂന്ന് മാസത്തെ ഫ്ലാറ്റ് വാടക അടച്ചിട്ടില്ലെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഏലൂർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.