പന്തളം: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മങ്ങാരം മുത്തുണിയിൽ തെക്കേക്കര വീട്ടിൽ ഷാജഹാൻ, ഇന്ന് പുലർച്ചെ ജോലി സ്ഥലത്തേക്ക് മടങ്ങാനിരുന്നതാണ്. ഇതിനുള്ള ഒരുക്കങ്ങളിലുമായിരുന്നു കുടുംബം. ഇതിനിടയിലാണ്, ഇന്നലെ വൈകുന്നേരം നാലോടെ മകൻ ഷംനാദിന്റെ മരണ വാർത്തയെത്തുന്നത്. കൂട്ടുകാരോടൊപ്പം അച്ചൻകോവിലാറ്റിലെ കൈപ്പുഴ കടവിൽ നീന്തൽ പരിശീലനത്തിനെത്തിയതായിരുന്നു.
വെള്ളം കുറവായിരുന്നത് കൊണ്ടാണ് ഈ സമയം തെരഞ്ഞെടുത്തത്. ഇക്കരയിലെ കടവിലേക്ക് അടുക്കുന്നതിനിടയിൽ ഷംനാദ് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാരും നിസഹായരായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി, ഷംനാദിനെ കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രിയപ്പെട്ട മകന്റെ മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു മാതാപിതാക്കൾ.
അയൽവാസികൾക്കും പ്രിയങ്കരനായിരുന്ന ഷംനാദിന്റെ വേർപാട് നാടിനും നൊന്പരമായി. ഇക്കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലും സജീവമായിരുന്നു ഷംനാദ്. പന്തളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. ഖബറടക്കം ഇന്ന് 12ന് മുട്ടാർ മുസ്ലീംജമാഅത്ത് ഖബറിസ്ഥാനിൽ. ഫെമിനയാണ് മാതാവ്. സുൽത്താന സഹോദരിയും.