മായന്നൂർ (തൃശൂർ): ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടക്കുളം സ്വദേശി ശെൽവൻ (58)ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി മായന്നൂർ മൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് ഏഴുന്നെള്ളിച്ച നാണുഎഴുത്തച്ഛൻ ചന്ദ്രശേഖരനെന്ന ആനയാണ് ഇടഞ്ഞത്.
എഴുന്നള്ളിപ്പ് ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ മായന്നൂർ മൃഗാശുപത്രിക്കു സമീപംവച്ച് രാത്രി എട്ടരയോടെ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പിന്നീട് അർധരാത്രി 11.15 നാണ് ആനയെ തളച്ചത്. ഇടഞ്ഞ ആന രണ്ടു തെങ്ങുകളും, മതിലിന്റെ തൂണും തകർത്തു. മുന്നിൽ നിന്നിരുന്ന ശെൽവനെ ആന തുന്പിക്കൈകൊണ്ട് തട്ടിയിട്ട് കുത്തുകയായിരുന്നു.
ആനയുടെ പുറത്തുണ്ടായിരുന്ന വിഷ്ണു ചാടി രക്ഷപ്പെട്ടു. എന്നാൽ ചന്തു എന്നയാൾ ആനപ്പുറത്ത് കുടുങ്ങി. ഇടഞ്ഞ ആന റോഡരികിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ഒന്നര മണിക്കൂറിനുശേഷം ആന തൊട്ടടുത്ത പറന്പിലേക്ക് കയറിയ അവസരത്തിൽ ആനപ്പുറത്തുണ്ടായിരുന്ന ചന്തുവിനെ മറ്റു പാപ്പാൻമാരടക്കമുള്ളവർ ചേർന്ന് താഴെയിറക്കുകയായിരുന്നു.
പരിക്കേറ്റ ശെൽവനെ ചേലക്കര ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു. വനംവകുപ്പധികൃതരും സ്ഥലത്തെത്തിയിരുന്നു.