പേരാവൂർ: ആർഎസ്എസ് പ്രവർത്തകൻ കണ്ണവം ആലപ്പറന്പിലെ ശ്യാമപ്രസാദിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇരിട്ടി സിഐ പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ പേരാവൂർ സിഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സിഐ എ.കുട്ടികൃഷ്ണൻ പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച കാർ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ ആരുടെയും വാഹനമല്ലെന്ന് വ്യക്തമായതോടെ കാർ പ്രതികൾക്ക് ലഭിച്ചതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. മറ്റൊരാൾ പറഞ്ഞതനുസരിച്ചാണ് വാഹന ഉടമ പ്രതികൾക്ക് കാർ നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാർ ഉടമയെക്കുറിച്ചും പ്രതികൾക്ക് കാർ നൽകാൻ നിർദേശിച്ച ആളെക്കുറിച്ചും വിശദമായി അന്വേഷണത്തിലാണ് പോലീസ്.
എസ്ഐ കെ.എം.ജോൺ, എഎസ്ഐ ഇ.കെ.രമേശ്, സീനിയർ സിപിഒ കെ.വി.ശിവദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങൾ ഇന്നലെ പരിയാരം മെഡിക്കൽ കോളജിലെ പോലീസ് സർജനെ കാണിച്ച് മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ അറസ്റ്റുചെയ്യുകയും നിർണായക തെളിവുകൾ ശേഖരിക്കാനും കഴിഞ്ഞതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ തലശേരി- നെടുംപൊയിൽ റോഡിൽ ബൈക്കിൽ സുഹൃത്തിനെ പിന്നിലിരുത്തി യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മുഴക്കുന്ന് പാറക്കണ്ടം പുത്തൻവീട്ടിൽ മുഹമ്മദ് (20), മിനിക്കോൽ സലീം (26), നീർവേലി സമീറ മൻസിലിലെ സമീർ (25), പാലയോട് തെക്കയിൽ ഹാഷിം (39) എന്നിവരാണ് അറസ്റ്റിലായത്. വയനാട് വഴി കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തലപ്പുഴയിൽ പ്രതികൾ പോലീസ് പിടിയിലാവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന റിറ്റ്സ്കാറും പോലീസ് കസ്റ്റഡിയിലെടുത്തു.