കൊട്ടാരക്കര: വീട്ടമ്മയെ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല ഏറത്തുമുക്കിൽ പ്ലാക്കുഴി വീട്ടിൽ രാജൻ -ശാന്താ ദമ്പതികളുടെ മകൾ സ്മിത (33)യെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ കാണപ്പെട്ടത്. വെണ്ടാറിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് ദീപേഷ് വിദേശത്താണ്.
മൂന്നു മാസം മുമ്പാണ് ഇവർ ഇവിടെ രണ്ടു മക്കളുമായി വാടകയ്ക്ക് താമസിക്കാനെത്തിയത്. ഭർത്താവിന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയിട്ടുള്ള സനീഷ് എന്നയാളാണ് പുലർച്ചെ സ്മിതയുടെ കൂട്ടുകാരിയെ വിളിച്ച് സ്മിതയ്ക്ക് സുഖമില്ലെന്നറിയിച്ചത്. രാവിലെ ആറോടെ ഇവിടെയെത്തിയ കൂട്ടികാരിയും ഭർത്താവും കാണുന്നത് സ്മിതയുടെ മൃതശരീരമാണ്. തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കഴുത്തിൽ പാടുകളും കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം സ്മിതയ്ക്കു സുഖമില്ലെന്ന വിവരം കൂട്ടുകാരിയെ അറിയിച്ച സനീഷിനെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ ഫാത്തിമമാതാ കോളജിന് സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. കോന്നിയിലെ ക്രഷർ യൂണിറ്റിൽ ജോലിയായിരുന്നു. ഈസ്റ്റ് പോലീസ് കേസെടുത്തു.