ഗാന്ധിനഗർ: 20 ദിവസമായി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അധികൃതരുടെ ഇടപെടൽ മൂലം ബന്ധുക്കൾ എത്തി ഏറ്റുവാങ്ങിയെങ്കിലും ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ സംസ്കരിക്കാൻ കഴിയാതെ ബന്ധുക്കൾ. ഇന്നലെ കോട്ടയത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളുടെ മേൽവിലാസം കൃത്യമല്ലാതിരുന്നതിനാൽ ഇന്നു ശരിയായ മേൽവിലാസം രേഖപ്പെടുത്തിയശേഷം സംസ്കരിക്കാമെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കുറച്ച് നാളുകളായി കഴിഞ്ഞിരുന്ന മാവേലിക്കര ചുനക്കര സ്വദേശി സോമന്റെ (70) മൃതദേഹമാണ് ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ രണ്ടാം തീയതിയാണു അസുഖ ബാധിതനായിരുന്ന സോമനെ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ മരണപ്പെടുകയും ചെയ്തു.
ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ അറിയിച്ചിട്ടും എത്താതിരുന്നതോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞപ്പോൾ മെഡിക്കൽ കോളജ് ആർഎംഒ ഡോ. ആർ.പി. രഞ്ചിന്റെ അനുമതിയോടെ അഡ്മിഷൻ കൗണ്ടറിലെ ജീവനക്കാർ പോലീസിന്റെ നേതൃത്വത്തിൽ ഇടപെട്ടു. തുടർന്നു ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തി.
എന്നാൽ 22 വർഷമായി ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്നതിനാൽ മേൽവിലാസം ഇല്ലാതിരുന്നതിനാലാണു സംസ്കരിക്കാൻ കഴിയാതിരുന്നത്. എന്നാൽ സോമന്റെ ബന്ധുക്കളെന്ന നിലയിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചതിനാലാണ് മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടുനല്കിയത്. ഇന്നു ആവശ്യമായ എല്ലാ രേഖകളും ബന്ധുക്കൾ അധികൃതർക്കു സമർപ്പിച്ചു നടപടി ക്രമം പൂർത്തീകരിച്ചു സംസ്കാരം നടത്തും.