വിതുര : സൗദിയിൽ മകൻ മരിച്ചിട്ട് മൂന്നു മാസം പിന്നിട്ടു. മകന്റെ ജീവനറ്റ ശരീരമെങ്കിലും അവസാനമായി ഒരു നോക്കു കാണാനാകുമോ എന്ന വി ഷമത്തിൽ വിതുമ്പുകയാണ് വൃദ്ധ ദമ്പതികൾ.തൊളിക്കോട് തച്ചൻകോട് കൃഷ്ണ ഭവനിൽ കൃഷ്ണപിള്ളയും ഭാര്യ അംബികയുമാണ് പുത്ര വിയോഗത്താൽ മനംനൊന്ത് മകന്റെ മൃതദേഹമെങ്കിലും ഒന്നു കാണാനാകുമെന്ന പ്രതീക്ഷയിൽ നാളുകളെണ്ണി കഴിയുന്നത്.
സൗദിയിലെ ഖത്തീഫിൽ ജോലി നോക്കുകയായിരുന്ന പ്രസാദി (40) ന്റെ മരണവാർത്ത കുടുംബമറിഞ്ഞത് മേയ് രണ്ടിനായിരുന്നു. ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ വിളിച്ചറിയിച്ചത്.സംഭവത്തിന്റെ തലേ ദിവസം ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നതായും സുഹൃത്തുക്കൾ അറിയിച്ചത്രേ. രജനിയാണ് പ്രസാദിന്റെ ഭാര്യ. പലിശക്ക് പണമെടുത്താണ് പ്രസാദ് വിദേശത്തേക്ക് പോയത്. അഞ്ചു വർഷത്തിലേറെ മസ്കറ്റിലായിരുന്നു.
നാട്ടിൽ വന്ന് ദീർഘകാലത്തിനു ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദിയിലേക്ക് വീണ്ടും വിമാനം കയറിയത്.ഗൾഫിലെത്തിയെങ്കിലും നല്ല ജോലി മകന് ലഭിച്ചിരുന്നില്ലെന്ന് അമ്മ പറയുന്നു.ഫോണിൽ പലപ്പോഴും കഷ്ടപ്പാടിന്റെ കഥ പറഞ്ഞ് കരയാറുണ്ടത്രേ. സ്വന്തം മണ്ണിലെ സ്വപ്നഭവനം പൂർത്തിയാക്കാനും കഴിഞ്ഞില്ല.
കടബാധ്യത ഏറിയപ്പോൾ ഇതും വിൽപ്പനക്ക് ബോഡ് വച്ചിരുന്നു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മൂന്നു മാസമായി ഈ കുടുംബം പ്രയത്നിക്കുന്നു. ഖത്തീഫിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപമാണ് തടസം .ഇന്ത്യൻ എംബസി വഴി നിരവധി ശ്രമങ്ങൾ നടത്തി. നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരും പല വഴികളുമാലോചിച്ചു. എന്നാൽ ഖത്തീഫിലെ ആഭ്യന്തര കലാപത്തിന്റെ നൂലാമാലകളിൽ നിന്ന് മൃതദേഹം വിട്ടുകിട്ടുന്നുമില്ല.