കൊല്ലം : യുവാവ് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര എസിപി പറഞ്ഞു.യുവതിയുമായി അടച്ചിട്ട വീട്ടിൽ കാണപ്പെട്ട സംഭവത്തെതുടർന്ന് നാട്ടുകാർ ചോദ്യം ചെയ്ത കോട്ടാത്തല കൊടിവിളവീട്ടിൽ ശ്രീജിത്താണ് മരിച്ചത്. ഇന്നലെ രാവിലെ നെടുവത്തൂർ കിള്ളൂർ പാലത്തിന് സമീപം പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
ശ്രീജിത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്നും എസിപി വ്യക്തമാക്കി. മാതാപിതാക്കളുടെ മരണശേഷം ശ്രീജിത്ത് ചീരങ്കാവിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. കോട്ടാത്തലയിലുള്ള കുടുംബവീട്ടിൽ വല്ലപ്പോഴും മാത്രമാണ് എത്തിയിരുന്നത് .
17ന് ഉച്ചയോടെ ഒരു യുവതിയുമായി കോട്ടാത്തലയിലുള്ള വീട്ടിലെത്തിയ വിവരമറിഞ്ഞ് ശ്രീജിത്തിന്റെ ബന്ധുവാണ് നാട്ടുകാരെയും പോലീസിലും വിവരമറിയിച്ചത്. തുടർന്ന് പുത്തൂർ പോലീസെത്തി അടച്ചിട്ടിരുന്ന വീട്ടിനുള്ളിൽനിന്ന് ഇരുവരെയും പുറത്തിറക്കി. തങ്ങൾ പ്രണയത്തിലാണെന്ന് ശ്രീജിത്ത് പറഞ്ഞതിനെതുടർന്ന് പോലീസ് പോകുകയായിരുന്നു.
പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് പുത്തൂർ പോലീസ് വ്യക്തമാക്കി. ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.