തിരുവനന്തപുരം: ഹോട്ടലിൽ മുറിയെടുത്തിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബിയർകുപ്പികൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലൈൻ പിആർഎ 103 ൽ കളിയേൽ മേലെവീട്ടിൽ നാഗപ്പൻ നായരുടെ മകൻ ശ്രീനിവാസൻ നായരാണ് (39)കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പാപ്പനംകോട് കൈത്തലയ്ക്കൽ പുത്തൻവീട്ടിൽ കലേഷിനെ അറസ്റ്റ് ചെയ്തതായി തന്പാനൂർ പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ തന്പാനൂർ എസ്എസ് കോവിൽ റോഡിലെ ഹോട്ടലിലായിരുന്നു സംഭവം. രാവിലെ ഏഴരയോടെ ശ്രീനിവാസനും സുഹൃത്തുക്കളായ സന്തോഷ്, ഗിരീഷ്, കലേഷ് എന്നിവരും ചേർന്നു ഹോട്ടലിൽ മുറിയെടുത്തു. ടാക്സി ഡ്രൈവർമാരായ ശ്രീനിവാസനും സന്തോഷും ഗിരീഷും നേരത്തെ സുഹൃത്തുക്കളാണ്. ഗിരീഷിന്റെ പരിചയക്കാരനാണ് കലേഷ്.
മദ്യലഹരിയിൽ സന്തോഷും കലേഷും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ബിയർ കുപ്പി അടിച്ചു പൊട്ടിച്ച് കലേഷ് സന്തോഷിനെ ആക്രമിക്കുകയും ചെയ്തു. ശ്രീനിവാസൻ ഇതു തടയാൻ ശ്രമിച്ചപ്പോൾ, കലേഷ് ശ്രീനിവാസന്റെ കഴുത്തിൽ കുപ്പി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിലവിളികേട്ടു മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവശേഷം കലേഷ് ഇവിടെ നിന്നു രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത ഗിരീഷും സന്തോഷും നൽകിയ വിവരത്തെ തുടർന്ന് പാപ്പനംകോട്ടു നിന്നാണ് കലേഷിനെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി.