തൊടുപുഴ: അഞ്ചാം ക്ലാസുകാരനെ വീട്ടിൽ തുണി കഴുത്തിൽകുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി ഭാഗത്തു താമസിക്കുന്ന തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് (10) ആണ് മരിച്ചത്. അച്ഛൻ അജി രാത്രിയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ കഴുത്തിൽ തുണി കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ദേവാനന്ദിന്റെ അമ്മ ഭർത്താവുമായി അകൽച്ചയിലായതിനാൽ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ദേവാനന്ദ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ ഇവരുടെ ബന്ധുവീട്ടിൽ നിന്നു ഭക്ഷണം കഴിച്ചതിനുശേഷമാണു കുട്ടി വീട്ടിലെത്തിയത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ തുണി കഴുത്തിൽ കുരുങ്ങിയതാകാമെന്നാണു സൂചന. കാളിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. വെണ്മണി സെന്റ് ജോർജ് യുപി സ്കൂൾ വിദ്യാർഥിയാണ് ദേവാനന്ദ്.